മകൾക്ക്,
കൊച്ചു കൊച്ചു കുസൃതികൾ കാട്ടുമ്പോൾ അമ്മ വഴക്ക് പറയുമെന്നത് മുന്കൂട്ടികണ്ടുള്ള നിന്റെ കള്ളക്കരച്ചിലുകൾ...
സ്കൂളിൽ കൂട്ടുകാരോടൊത്ത് കളിക്കാൻ ഒത്തിരി ഇഷ്ടമുള്ള നിന്നെ, സ്കൂളിൽ അയക്കുമ്പോഴുള്ള കുഞ്ഞു പരിഭവങ്ങൾ...
ഇഷ്ടം കൂടുമ്പോൾ അമ്മ നിന്നെ ഓമനിക്കുന്നതുപോലെ, പ്രിയപ്പെട്ട പാവക്കുട്ടിയുമൊത്തുള്ള നിന്റെ അമ്മയും കുഞ്ഞും കളികൾ... നിന്റെ അഭിനയങ്ങൾ…
കൂടെ കളിക്കാൻ നീ വാശി പിടിക്കുമ്പോൾ, അച്ഛൻ കാട്ടുന്ന കുഞ്ഞു മാജിക്കുകൾ കണ്ടുള്ള നിന്റെ നിലക്കാത്ത പൊട്ടിച്ചിരികൾ...
അറിയുക, നിന്റെ കൊഞ്ചലുകളിലൂടെയും പരിഭവങ്ങളിലൂടെയുമൊക്കെയുള്ള ഓരോ യാത്രകളും, നിന്നിൽ നിറഞ്ഞുള്ള ഓരോ നിമിഷങ്ങളും, എല്ലാ അച്ഛനമ്മമാരെയും പോലെ ഞങ്ങൾക്കും ഏറെ പ്രിയപ്പെട്ടതാണ്. മകളുടെ നല്ല സുഹൃത്തുക്കളാവാനും, അവളിലൂടെ അറിയപ്പെടാനും കൊതിക്കാത്ത മാതാപിതാക്കൾ ഉണ്ടോ!
ചില സത്യങ്ങൾ തിരിച്ചറിയാൻ അനുഭവങ്ങൾ തന്നെ വേണം. മകളെ അറിയുന്ന നല്ല അച്ഛനാവാൻ ആഗ്രഹിക്കുമ്പോഴേ ഒരുപക്ഷെ നല്ല മകനാവാൻ കഴിയൂ. മകളുടെ നല്ല അമ്മയാവാൻ കൊതിക്കുമ്പോഴേ, ഒരുപക്ഷേ കൂടുതൽ നല്ല മകളാവാൻ കഴിയൂ. അത്, കാലം നമുക്കുവേണ്ടി കരുതിവച്ചിരിക്കുന്ന ചില ഓർമ്മപ്പെടുത്തലുകളാവാം. എങ്കിലും അറിയുക, നീ ഞങ്ങൾക്ക് പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളും സമ്മാനിച്ചിരിക്കുന്നു. ഇന്ന് ഞങ്ങൾ എടുക്കുന്ന ഓരോ തീരുമാനങ്ങളിലും നിന്നെക്കുറിച്ചുള്ള ചിന്തകൾ ഉണ്ട്. നിന്റെ ഭാവിയെ കുറിച്ചുള്ള ആലോചനകളും പ്രതീക്ഷകളും ഉണ്ട്. അതെ, ഒരു മകളുടെ ജനനത്തോടെ അച്ഛനമ്മമാരുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടുകൾ തന്നെ മാറി മറിയുകയാണ്.
എങ്കിലും ഞങ്ങൾ അറിയുന്നു, നിന്നിലുള്ള പ്രതീക്ഷകൾ നിരുപാധികം ആയിരിക്കണം എന്ന്. അവ ഒരിക്കലും നിന്റെ ഇഷ്ടങ്ങളെയും കാഴ്ചപ്പാടുകളെയും ഭംഗിച്ചുകൊണ്ടാവരുതെന്ന്. കുഞ്ഞുങ്ങളെ ഓമനിച്ചു വളർത്തുമ്പോഴും ലാളിക്കുമ്പോഴുമൊക്കെ ഓരോ മാതാപിതാക്കളും അവരുടെ ജീവിതം അനുനിമിഷം ആസ്വദിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, കാലക്രമേണ ആ ആസ്വാദനങ്ങൾക്ക് രൂപാന്തരം സംഭവിച്ച്, അവ സോപാധികമായ പ്രതീക്ഷകളായി മാറുന്നു. ഈ അമിതപ്രതീക്ഷകളാവാം ഒരുപക്ഷെ അച്ഛനമ്മമാരുടെ ജീവിതത്തെ തകിടം മറിക്കാറുള്ളത്. നിരുപാധികമായ സ്നേഹം മാത്രമാണ് ഇതിനുള്ള പ്രതിവിധി എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
നിനക്ക് സ്വതന്ത്രമായി ചിന്തിക്കാൻ കഴിയുന്ന കാലം വരെ നിന്റെ വഴികാട്ടിയായി ഞങ്ങൾ തുടരും. മതത്തിന്റെയും നിറത്തിന്റെയും പണത്തിന്റെയും മതിലുകൾക്കപ്പുറം, മനുഷ്യത്വത്തിൽ വിശ്വസിക്കുക. ചിന്തിക്കുന്നത് പറയുകയും പറയുന്നത് പ്രവർത്തിക്കുകയും ചെയ്യുക. ഒരു പെണ്കുട്ടിയായി പിറന്നതിൽ നീ അഭിമാനിക്കുക. നന്മകൾ നേരുന്നു. ജന്മദിനാ ആശംസകൾ നേരുന്നു…
എന്ന് സ്നേഹ പൂർവം
അച്ഛനും അമ്മയും
No comments:
Post a Comment